
മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ്
ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ലെന്നും അവര്‍ കാവല്‍ക്കാരാണെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം അതിരുങ്കല്‍ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കോന്നി നിയോജക മണ്ഡലത്തില്‍ 106 കിലോമീറ്റര്‍ ബിഎം ആന്റ് ബിസി നിലവാരത്തില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ മാത്രം പൊതുമരാമത്ത് 25 പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്. പ്രവര്‍ത്തനങ്ങള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴയും. പത്തനംതിട്ട ജില്ലയുടെ ചരിത്രപരമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മുറിഞ്ഞകല്ലില്‍ നിന്നും അതിരുങ്കല്‍-പുന്നമൂട് എത്തി കൂടല്‍-രാജഗിരി വഴി കലഞ്ഞൂര്‍ പാടം റോഡില്‍ എത്തിച്ചേരുന്ന 15 കിലോമീറ്റര്‍ ദൂരമുള്ള റോഡ് 15 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയില്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. അപകടാവസ്ഥയിലുള്ള ഇരുതോട് പാലം, കാരയ്ക്കക്കുഴി പാലം എന്നിവ പുനര്‍നിര്‍മിക്കും. റോഡിനു വീതി കൂട്ടി വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ചും ഓട നിര്‍മ്മിച്ചും ബിഎം ബിസി സാങ്കേതികവിദ്യയില്‍ ഉന്നത നിലവാരത്തിലാണു നിര്‍മ്മിക്കുന്നത്. എട്ടു മാസമാണു നിര്‍മ്മാണ കാലാവധി. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണു നിര്‍വഹണ ചുമതല.
അഡ്വ. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്തംഗം വി.ടി അജോമോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി.വിജയകുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.