ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടു: പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി

Spread the love

 

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഒരുമണിക്കൂര്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

 

 

നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ചു. മുഖ്യമന്ത്രി രാജ്ഭവനിലെത്തി അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടില്‍ ഉറച്ച് നിന്നു.

 

 

ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയക്കുകയും ചെയ്തു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി എ.കെ ജി സെന്ററിലെത്തി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.

 

 

അനുരഞ്ജനത്തിന്റെ ഭാഗമായി കത്തയച്ച ജ്യോതിലാലിനെ മിന്നല്‍ വേഗത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു.ജ്യോതിലാലിനെ മാറ്റിയതോടെ ഗവര്‍ണര്‍ വഴങ്ങി. വൈകുന്നേരം 6.32 ഓടെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.

 

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Related posts