പത്തനംതിട്ട ജില്ല : വാര്‍ത്തകള്‍ /അറിയിപ്പുകള്‍

Spread the love

ഹൈടെക് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം 26ന്

റാന്നി ഇടമുറി ഗവണ്‍മെന്റ് എച്ച്എസ്എസ് ഹൈടെക് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഈ മാസം 26ന് 9 :30ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ഹൈടെക് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും മൊമെന്റോ വിതരണം മുന്‍ എംഎല്‍എ രാജു ഏബ്രഹാമും നിര്‍വഹിക്കും.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രേണുകാ ഭായ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.വി പ്രസന്നകുമാര്‍, പ്രിന്‍സിപ്പല്‍ കെ .കെ രാജീവ്, ഹെഡ് മിസ്ട്രസ് പി.കെ ആശാറാണി തുടങ്ങിയവര്‍ പങ്കെടുക്കും.

 

ശില്പശാല നടന്നു

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎച്ച്എഎസ്എസ്) യുടേയും സഹകരണത്തോടെ നവസംരംഭകര്‍ക്കായി പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണം ദ്വിദിന സാങ്കേതിക ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു. ചടങ്ങില്‍ കോട്ടയം നഗരസഭ കൗണ്‍സിലര്‍ എന്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ തോമസ് കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

 

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ വകുപ്പിന്റെ ക്ഷേമ പദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാക്കി ജോലി പരിചയം ആര്‍ജ്ജിക്കുന്നതിനും വികസന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അവസരമൊരുക്കുന്ന നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിയമന യോഗ്യതകള്‍ : ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യത – എം.എസ്.ഡബ്യൂ, പ്രായപരിധി 21-35, പ്രതിമാസ ഓണറേറിയം 20,000 രൂപ. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി രണ്ട് വര്‍ഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടിക ജാതിവികസന ഓഫീസില്‍ ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതിവികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു.

 

 

സൗജന്യ പരിശീലനം

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആര്യ (അട്രാക്ടിങ് ആന്‍ഡ് റിറ്റൈനിങ് യൂത്ത് ഇന്‍ അഗ്രികള്‍ചര്‍) പദ്ധതിയുടെ ഭാഗമായി 35 വയസിനു താഴെയുള്ളവര്‍ക്ക് ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സഹായങ്ങള്‍ ലഭിക്കും. ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട യൂണിറ്റുകള്‍ക്ക് വിവിധ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിത്. അവസാന തീയതി ജൂലൈ: 28, ഫോണ്‍ : 8078572094.

 

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 25ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ജൂലൈ 25ന് രാവിലെ 11 മുതല്‍ പത്തനംതിട്ട പിഡബ്ല്യുഡി ഗവ.റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 വയസിനും 40 വയസിനും മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.

 

ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം ജൂലൈ 26ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 26ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 25ന് മൂന്നിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

 

ഹിമാചലിലേക്ക് പറക്കാന്‍ അടൂര്‍ ഗവ.ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊച്ചുമിടുക്കി ഇഷയും

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകഭാരത് ശ്രേഷ്ഠഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ട്വിന്നിംഗ് പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇഷയും. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററിസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാ ജാസ്മിന്‍. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരാഴ്ചത്തെ സന്ദര്‍ശന പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. അക്കാദമികരംഗത്ത് എല്ലാ ക്ലാസ്സുകളിലും മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള ഇഷയ്ക്ക് പൂര്‍ണ്ണമായ പീരിയോഡിക്ടേബിള്‍ ഒരുമുട്ടത്തോടില്‍ ഏറ്റവും വേഗതയില്‍ 12 മിനിറ്റ് 56 സെക്കന്‍ഡ് കൊണ്ട് വരച്ചതിന് 2021 ഒക്ടോബര്‍ 16ന് ഇന്ത്യ ബുക്ക് ഓഫ ്‌റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷയിലെഎസ്‌കോര്‍ട്ടിംഗ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര. സമഗ്രശിക്ഷാകേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ഇഷാ ജാസ്മിന് യാത്രയയപ്പ് നല്‍കി. എസ്.എസ്.കെ. ജില്ലാ പ്രോജക്ട്‌കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് അധ്യക്ഷനായ യോഗം ഡയറ്റ് പ്രിന്‍സിപ്പല്‍ പി. പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രോഗ്രാം ഓഫീസര്‍മാരായ എ.കെ പ്രകാശ്, എ. പി.ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ് : ഇഷാ ജാസ്മിന്‍

 

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വയലത്തലയിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 45 വയസ് കഴിയാത്ത നല്ല കായികശേഷിയുളളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന കാര്യത്തില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 9497471849.

 

അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി പത്തനംതിട്ട നിവാസികളായ സെക്കോളജിയില്‍ ബിരുദാനന്തര ബിരുദം ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ മേഖലയില്‍ വിദഗ്ദ്ധരും പരിചയ സമ്പന്നരുമായിരിക്കണം. സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, വയലത്തല പി.ഒ, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ : 9497471849.

 

ടെന്‍ഡര്‍

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബാന്റ് ട്രൂപ്പിന് സംഗീത ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ടിന് പകല്‍ മൂന്നര വരെ. ഫോണ്‍ ; 04735 227703.

 

തീയതി ദീര്‍ഘിപ്പിച്ചു

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 2022-23 അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. വെബ് സൈറ്റ്: www.ihrd.ac.in.

 

error: Content is protected !!