വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് :മുഖ്യപ്രതി അറസ്റ്റിൽ

Spread the love

 

konnivartha.com : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പാലമലയിൽ അംബികാ ഭവനം വീട്ടിൽ കേശവൻ മകൻ അജികുമാറി(47)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കോന്നി കുമ്മണ്ണൂർ സ്വദേശിനിയിൽ നിന്നും,വിദേശത്ത് നഴ്സിംഗ് ജോലിവാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി അറുപത്തിഅയ്യായിരം രൂപ കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് പ്രതി മാസങ്ങളായി ഒളിവിൽ
കഴിഞ്ഞുവരികയായിരുന്നു.

അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്മെൻറ് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൻറെ നടത്തിപ്പുകാരനാണ് ഇയാൾ . സ്ഥാപനത്തിൻറെ മറവിൽ നിരവധി ആളുകളിൽ നിന്നും പണം തട്ടിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

എറണാകുളത്ത് പുതിയ റിക്രൂട്ടിംഗ് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്തിവരുമ്പോഴാണ് പോലീസ് സംഘം അവിടെയെത്തി പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങുന്നതിനായി വിസിറ്റിംഗ് കാർഡുകളും, ലെറ്റർ പാഡുകളും പ്രതി തയ്യാറാക്കിയിരുന്നു.

പോലീസ് പരിശോധനയിൽ ഇയാളിൽ നിന്നും മുപ്പതിലധികം പാസ്പോർട്ടുകൾ കണ്ടെടുത്തു.. അടൂരിലെ സ്ഥാപനം പോലീസ് റെയ്ഡ് ചെയ്തും നിരവധിരേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി കരുതുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി എത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ നിർദ്ദേശപ്രകാരം, പോലീസ് ഇൻസ്പെക്ടർ ടി.ഡി
പ്രജീഷിൻറെ നേതൃത്വത്തിൽ എസ്.ഐമാരായ മനീഷ്.എം, സുരേഷ് ബാബു, എ എസ് ഐ അജിത്, സി പി ഓമാരായ അൻസാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!