Trending Now

വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി യോഗ പരിശീലനത്തിന് തുടക്കമായി

Spread the love

 

konnivartha.com : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി നടത്തുന്ന യോഗപരിശീലനത്തിന്റെയും യോഗ മാറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. കോവിഡാനന്തര പ്രശ്‌നങ്ങളായ ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവേദനകള്‍ തുടങ്ങിയവയ്ക്ക് പരിഹാരമായി യോഗ പരിശീലനം പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിനായി 100 പേര്‍ക്കുള്ള യോഗ മാറ്റുകളാണ് വിതരണം ചെയ്തത്.

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ എട്ടു വരെയും സ്ത്രീകള്‍ക്ക് വൈകുന്നേരം അഞ്ചുമുതല്‍ ആറ് വരെയുമാണ് യോഗ പരിശീലനത്തിനായി സമയം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മേലുകര പബ്ലിക്ക് ലൈബ്രറി, കുരങ്ങുമല സാംസ്‌കാരിക നിലയം എന്നീ മൂന്ന് കേന്ദ്രങ്ങളിലായി മൂന്ന് മാസം നീളുന്ന പാക്കേജായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. വനിതകള്‍ക്ക് വേണ്ടിയുള്ള പരിശീലനം കുരങ്ങുമലയിലും മേലുകര പബ്ലിക് ലൈബ്രറിയിലും നടത്തപ്പെടും.

കോഴഞ്ചേരി പഞ്ചായത്തിന്റെ ആയൂര്‍വേദ ആശുപത്രി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് യോഗപരിശീലനം നടത്തുന്നത്. ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.രജിതയുടെ മേല്‍നോട്ടത്തില്‍ പ്രേം കുമാര്‍, ജെറി, പ്രീത എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.റ്റി വാസു, സുമിത ഉദയകുമാര്‍, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, റോയി ഫിലിപ്പ്, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!