
konnivartha.com :ഈ വാഹനത്തില്‍ കയറിയ കുഞ്ഞുങ്ങള്‍ അപകടം കൂടാതെ രക്ഷപെട്ടു . ഈ വാഹനത്തിനു ഉണ്ടാകേണ്ട ഒന്നും ഇല്ല .ഒരു സുരക്ഷയും . അധികാരികളും മാധ്യമങ്ങളും മൂടി വെച്ച ആ വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോം “പുറത്തു വിടുന്നു . ഈ സ്കൂള്‍ അടച്ചു പൂട്ടി മുദ്ര വെയ്ക്കുക . ആര്‍ടിഒയെ പിരിച്ചു വിടുക .ഫിറ്റ്നസ് ഇല്ലാത്ത വാഹനം .അനുമതി കൊടുത്തത് ആര് ടിഒ .ഹാ കഷ്ടം .
മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ക്ലീന്‍ ചിറ്റ് പതിച്ച സ്കൂള്‍ ബസ് അപകടകരമായ രീതിയില്‍ പാഞ്ഞതിന് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ബസിന് ആകെ മൊത്തം നിയമലംഘനം. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സ്കൂള്‍ മാനേജ്മെന്റിന് നോട്ടീസ് നല്കി. ബസ് ഏറ്റെടുക്കാതെ അധികൃതര്‍. മൂന്നാഴ്ചയായി ബസ് പോലീസ് സ്റ്റേഷന് മുന്നില്‍. പ്രതികരിക്കാന്‍ വിസമ്മതിച്ച് സ്കൂള്‍ മാനേജ്മെന്റ്. തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് ആര്.ടി.ഒ.
പ്രമാടം പ്രഗതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് ഡിസംബര്‍ 19 ന് രാവിലെ അമിത വേഗതയില്‍ പാഞ്ഞതിന് കോന്നി പോലീസ് തടഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ പിന്തുടര്ന്ന് ബസ് പിടികൂടുകയായിരുന്നു.
കുട്ടികളുമായി അമിതവേഗതയിലായിരുന്നു ബസിന്റെ ഓട്ടം. താന്‍ പുതിയ ആളാണെന്നും പകരം വന്നതാണെന്നും ബസ് ഓടിച്ചിരുന്നയാള്‍ പറഞ്ഞു. സ്ഥിരമായി പോകുന്ന ഡ്രൈവര്‍ അപകടത്തില്‍പ്പെട്ട് കിടപ്പാണെന്നും അറിയിച്ചു. തുടര്‍ന്ന് എസ്.ഐ ബസിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ഞെട്ടിപ്പോയത്. പുതുക്കാത്ത ഇന്‍ഷുറന്‍സ്, വാഹന നികുതിയടച്ചിട്ടില്ല, ഫിറ്റ്നസ് ഇല്ല, റോഡില്‍ ഓടാനുള്ള പെര്‍മിറ്റ് ഇല്ല.
സര്‍വോപരി എല്ലാം നിയമലംഘനം. ഇതിനെയൊക്കെ നിസാരവല്‍ക്കരിക്കുന്ന വിധത്തില്‍ ബസിന്റെ മുന്‍ഗ്ലാസില്‍ ആര്.ടി.ഒ ചെക്ക് ചെയ്ത് ഓ.കെ അടിച്ചിരിക്കുന്നതിന്റെ സ്റ്റിക്കറും. 2022 വര്‍ഷം സ്കൂള്‍ തുറപ്പിന് മുന്നോടിയായി ആര്.ടി.ഒ പരിശോധിച്ച് ചാര്‍ത്തിക്കൊടുത്ത ചാപ്പയാണിത്.
ബസ് പോലീസ് പിടികൂടി നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വിളി വന്നു തുടങ്ങി. ബസ് വിട്ടയയ്ക്കണം. കുട്ടികള്‍ക്ക് സ്കൂളില്‍ എത്താനുള്ളതാണ്. യാതൊരു നിയമപരമായ രേഖകളുമില്ലാത്ത ബസിന് നിരത്തില്‍ ഇറങ്ങാന്‍ പോലും അര്‍ഹതയില്ലാത്തതാണ്. പോരാത്തതിന് കാലപ്പഴക്കം ഏറെയുണ്ട്. ഒടുവില്‍ കുട്ടികളെ സ്കൂളില്‍ വിട്ടതിന് ശേഷം പോലീസ് ബസ് പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. നിലവില്‍ സ്റ്റേഷന് മുന്നിലെ റോഡില്‍ കിടപ്പുണ്ട്. നിലവിലുള്ള നിയമലംഘനങ്ങള്‍ മുഴുവന്‍ അക്കമിട്ട് നിരത്തി സ്കൂള്‍ മാനേജ്മെന്റിന് നോട്ടീസ് കൊടുത്തു.
ബസിന്റെ ഫിറ്റ്നസും മറ്റ് പേപ്പറുകളും ശരിയാക്കി കൊണ്ടുവരാനായിരുന്നു പോലീസിന്റെ നിര്‍ദേശം. എന്നാല്‍ ഇതു വരെ ബസ് ഇവിടെ നിന്നും നീക്കിയിട്ടില്ല. സ്കൂള്‍ മാനേജ്മെന്റ് ബസ് ഏതാണ്ട് ഉപേക്ഷിച്ച പോലെയാണ്. സ്കൂളിലെ ബന്ധപ്പെട്ടവരുടെ നമ്പരില്‍ വിളിച്ചു നോക്കിയപ്പോള്‍ പ്രതികരണം ഇല്ല . ഒരാള്‍ എടുത്ത ശേഷം താനിവിടുത്തെ സ്റ്റാഫ് ആണെന്നും ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും പറയുന്നു.
ഇത്തരമൊരു” താമരാക്ഷപിള്ളയ്ക്ക് “എങ്ങനെ ഫിറ്റ്നസ് കിട്ടിയെന്ന് അറിയാന്‍ പത്തനംതിട്ട ആര്.ടി.ഓയെ വിളിച്ചു. ആദ്യം അദ്ദേഹത്തിന്റെ ചോദ്യം അതിന് ഞങ്ങള്‍ എന്തു ചെയ്യാനാണ് എന്നാണ്. മുന്‍വശത്തെ ചില്ലില്‍ അടിച്ചിട്ടുള്ള ആര്.ടി.ഓ .കെ സ്റ്റിക്കറിന്റെ കാര്യം സൂചിപ്പിച്ചു. അത് പണ്ട് അടിച്ചതായിരിക്കുമെന്ന് മറുപടി. ഇത്തരമൊരു ബസ് നിരത്തില്‍ കിടന്ന് ഓടിയിട്ട് എന്തേ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചില്ല എന്ന ചോദ്യത്തിന് പരിശോധിക്കാമെന്ന് മറുപടി.
നിലവിലെ” ഭക്ഷ്യവിഷബാധ “പോലെ ബസ് എന്തെങ്കിലും അപകടം വരുത്തി വച്ചിട്ട് പരിശോധിക്കാന്‍ ഇരിക്കുകയാണോ എന്ന ചോദ്യത്തിനും മൗനം. വളരെ നിരുത്തരവാദപരമായ സമീപനമാണ് ആര്‍ടിഓ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലുള്ള ബസ് റോഡില്‍ ഇറക്കാന്‍ പാടില്ലാത്തതാണെന്ന് പോലീസ് പറയുന്നു. ഈ ബസിലാണ് കുട്ടികളെ കുത്തിനിറച്ച് അമിത വേഗതയില്‍ പാഞ്ഞു കൊണ്ടിരുന്നത്. ഇത്രയും നാളും അപകടം ഉണ്ടാകാതിരുന്നത് ആരുടെയോ ഭാഗ്യം കൊണ്ടായിരുന്നു.
അപകടമുണ്ടായിരുന്നെങ്കില്‍ മാത്രമേ ബസിന്റെ നിയമലംഘനം പുറത്തു വരുമായിരുന്നുള്ളൂ. സ്കൂള്‍ അധികൃതരും ആര്‍ടിഓയും ഇവിടെ പ്രതിക്കൂട്ടിലാണ്. തങ്ങളുടെ വകുപ്പിനെ സഹായിക്കുന്ന തരത്തിലുളള ആര്‍ടിഓയുടെ പ്രതികരണം പോലും നിയമലംഘകരെ സഹായിക്കുന്ന തരത്തിലുള്ളതാണ്.