Trending Now

സമ്പൂര്‍ണ ശുചിത്വ പദ്ധതി: ബ്ലോക്ക്‌ തല അവലോകനം നടത്തും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Spread the love

 

സമ്പൂര്‍ണ ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂലൈ 7, 11, 12, 13 തീയതികളില്‍ ജില്ലയില്‍ ബ്ലോക്ക് തല അവലോകന യോഗം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ ഏഴിന് രാവിലെ പറക്കോട് ബ്ലോക്ക്, അടൂര്‍ മുനിസിപ്പാലിറ്റി, ഉച്ചയ്ക്ക് ശേഷം പന്തളം ബ്ലോക്ക്, പന്തളം മുനിസിപ്പാലിറ്റി, 11ന് രാവിലെ ഇലന്തൂര്‍ ബ്ലോക്ക്, പത്തനംതിട്ട മുനിസിപ്പാലിറ്റി, ഉച്ചക്ക് ശേഷം കോന്നി ബ്ലോക്ക്, 12 ന് രാവിലെ റാന്നി ബ്ലോക്ക് ഉച്ചക്ക് ശേഷം കോയിപ്രം ബ്ലോക്ക്, 13ന് രാവിലെ മല്ലപ്പള്ളി ബ്ലോക്ക് ഉച്ചക്ക് ശേഷം പുളികീഴ് ബ്ലോക്ക്, തിരുവല്ല മുനിസിപ്പാലിറ്റി എന്നിങ്ങനെയാണ് അവലോകന യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എഇ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാര്‍,നവകേരളം – ശുചിത്വ മിഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ അവലോകന യോഗ കമ്മിറ്റിയില്‍ അംഗങ്ങളാകും. ശുചിത്വം, വയോ- സൗഹൃദം, ലഹരിവിരുദ്ധത എന്നീ വിഷയങ്ങളാകും അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏനാദിമംഗലം, കുറ്റൂര്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളുടെ 2023-24 വാര്‍ഷിക പദ്ധതിക്കും അടൂര്‍, പത്തനംതിട്ട, തിരുവല്ല നഗരസഭകളുടെ 2023-24 കെ.എസ്.ഡബ്ല്യൂ.എം.പി പ്രൊജക്റ്റ് ഭേദഗതിക്കും യോഗം അംഗീകാരം നല്‍കി.

ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!