പിക്കപ്പ് വാഹനം നമ്പർ മാറ്റി ഓടി: ഡ്രൈവറെ കോന്നി പോലീസ് പിടികൂടി

Spread the love

 

konnivartha.com: പിക്കപ്പ് വാഹനം നമ്പർ മാറ്റി ഓടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു, ഡ്രൈവർ അറസ്റ്റിൽ. ചെങ്ങറ രാജേഷ് ഭവനം വീട്ടിൽ അയ്യപ്പൻ (42) ആണ് പിടിയിലായത്.ഇയാൾ കെ എസ് ആർ ടി സി ഡ്രൈവർ ആണ്.

പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ കെ എൽ 03 എ എഫ് 2541 എന്ന മഹീന്ദ്ര പിക്കപ്പ് വാഹനത്തിൽ കെ എൽ 03 എ ഡി 3008 എന്ന നമ്പർ വ്യാജമായി പതിച്ച് ഓടിക്കുകയാണ് എന്ന് വെളിവായി. ഇയാൾക്കെതിരെ പൊതു ഖജനാവിനും സർക്കാർ വകുപ്പുകൾക്കും നഷ്ടമുണ്ടാക്കിയതിനെതിരായ വകുപ്പുകൾ കൂടി ചേർത്ത് പോലീസ് കേസെടുത്തു.

കോന്നി അട്ടച്ചാക്കൽ ടാക്സി സ്റ്റാൻഡിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന വാഹനം, രഹസ്യവിവരത്തെതുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി പിടിച്ചെടുക്കുകയായിരുന്നു. വണ്ടിയിൽ ഉണ്ടായിരുന്ന അയ്യപ്പനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും, വാഹനത്തിന്റെ മുന്നിലും പിന്നിലും പതിച്ചിരുന്ന നമ്പരും, ആർസി ബുക്കിൽ കാണിച്ച നമ്പരും വ്യത്യസ്തമാണെന്ന് പരിശോധനയിൽ ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് കൂടുതൽ പരിശോധനക്കായി വണ്ടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പിന്നീട് വണ്ടിയുടെ എൻജിൻ നമ്പർ പരിശോധിച്ചപ്പോൾ യഥാർത്ഥ രജിസ്ട്രേഷൻ നമ്പരും യഥാർത്ഥ ഉടമയെയും പോലീസ് കണ്ടെത്തി. നിയമാനുസരണം ഉള്ള ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ചാണ് ഗുഡ്സ് ക്യാരിയർ ആയി സർവീസ് നടത്തിവന്നിരുന്നതെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോയിൽ 2015 മുതൽ ജോലി നോക്കി വരുന്ന ഡ്രൈവർ ആണ് പ്രതി. ഇപ്പോൾ സർവിസിലുള്ള ഇയാൾ, കോഴിക്കോട് റൂട്ടിലെ ബസിലാണ് നിലവിൽ ജോലി ചെയ്യുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഇയാൾ മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് വാഹനത്തിന്റെ മുന്നിലും പിന്നിലും പിടിപ്പിച്ച് ഉപയോഗിച്ച് വരികയായിരുന്നു.

ഇയാളെ പറ്റി പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ഗതാഗത നിയമങ്ങൾ ലംഘിച്ച് ഗുഡ്സ് കാരിയറായി വാഹനം ഉപയോഗിച്ചുകൊണ്ട് ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ,ഇയാൾക്കൊപ്പം വേറെ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിനോടൊപ്പം, എസ് ഐ പ്രഭ, പ്രോബെഷൻ എസ് ഐ ദീപക്ക്, എ എസ് ഐ അഭിലാഷ്,സി പി ഓ മാരായ അരുൺ, രാഗേഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

error: Content is protected !!