
konnivartha.com: ഇന്ന് രാവിലെ 10 മണിയ്ക്ക് കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രവീൺ പ്ലാവിളയിൽ (പ്രസിഡൻ്റ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി) റോജി എബ്രഹാം ( കൺവീനർ, UDF മണ്ഡലം കമ്മിറ്റി) എന്നിവര്‍ അറിയിച്ചു
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പ്രതിപക്ഷം . എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി തീരുമാനിച്ചു . പെട്ടെന്നുള്ള പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും പത്തനംതിട്ടയിലെ ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. അപകടത്തില്‍ ജീവന് നഷ്ടമായ ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.
ഇന്ന് വൈകുന്നേരമാണ് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധം നടക്കുക. ജൂലൈ 8 ന് എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാര്‍ച്ച്.
ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് രാവിലെ പത്തരയ്ക്ക് ബി.ജെ.പിയും മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം യൂത്ത് ലീഗും മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും എന്ന് അറിയിച്ചു . മന്ത്രി രാജി വെക്കും വരെ വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കുവാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം .