വിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് :പത്തനംതിട്ട തിരുവല്ലയില്‍ നടക്കും

Spread the love

 

konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും.

ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും.

‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ് സെമിനാറിൽ അവതരിപ്പിക്കും. ‘ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ’ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ വിശദീകരിക്കും.

കേരളത്തിന്റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. ‘നവകേരളം കർമ്മപദ്ധതി-ആർദ്രം മിഷൻ’-ന്റെ ഭാഗമായി നടന്നു വരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ ജനസൗഹൃദ പരിവർത്തനം, ആരോഗ്യ മേഖലയുടെ ഡിജിറ്റലൈസേഷൻ, സാർവത്രിക സാന്ത്വന പരിചരണം, ഗുണനിലവാരമുള്ള ആധുനിക പരിശോധനാ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി ലാബ് ശൃംഖലകൾ സ്ഥാപിക്കൽ, നൂതന ചികിത്സാ സംവിധാനങ്ങൾ, ജീവിതശൈലീ രോഗങ്ങളുടേയും പകർച്ചവ്യാധികളുടേയും പ്രതിരോധത്തിനായുള്ള ജനകീയ കാമ്പയിനുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വമ്പിച്ച പുരോഗതിക്ക് കാരണമായി.

കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031-ൽ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപാട് സംബന്ധിച്ച ആശയ രൂപീകരണത്തിനുമായാണ് സംസ്ഥാന സർക്കാർ 33 വിഷയങ്ങളിലായി എല്ലാ ജില്ലകളിലും വിഷൻ 2031ന്റെ ഭാഗമായി സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ആരോഗ്യ മേഖലയിൽ 2016 മുതൽ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യുകയും നിലവിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അപഗ്രഥിച്ച് അവയെ നേരിടുന്നതിനായുള്ള പദ്ധതികളും, ഭാവി വികസനത്തിനായുള്ള മാർഗ്ഗരേഖകൾ ആവിഷ്‌കരിക്കുന്നതിനുമായാണ് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നത്.

error: Content is protected !!