തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് :പ്രത്യേക അറിയിപ്പുകള്‍ ( 27/11/2025 )

Spread the love

 

www.konnivartha.com

അന്ധത, അവശതകളുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായിയെ കൂട്ടാം; സഹായിയുടെ വലതു ചൂണ്ട് വിരലില്‍ മഷി പുരട്ടും

അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ, ബട്ടണ്‍ അമര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതനുവദിക്കൂ. ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.

സ്ഥാനാര്‍ഥിയെയും പോളിങ് ഏജന്റിനെയും ഇത്തരത്തില്‍ സഹായിയാകാന്‍ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാന്‍ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല.

താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേ ദിവസത്തില്‍ മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഈ ഫോറം പ്രത്യേക കവറില്‍ പ്രിസൈഡിങ് ഓഫീസര്‍ വരണാധികാരിക്ക് അയച്ചുനല്‍കും.

 

 

ബാലറ്റ് യൂണിറ്റില്‍ ബ്രെയിലി ലിപി ഉണ്ടാകും

അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് തദേശ തിരഞ്ഞെടുപ്പില്‍ സ്വയം വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, ഭിന്നശേഷിയുള്ള വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കും. പോളിങ് സ്റ്റേഷനില്‍ കുടിവെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് മാധ്യമങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാലിക്കേണ്ട പൊതുവായ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ചുവടെ:

1. ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ യാതൊരാളും ആ നിയോജകമണ്ഡലങ്ങളില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ, നടത്തുകയോ അല്ലെങ്കില്‍ അതില്‍ സന്നിഹിതനാകുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ 122-ാം വകുപ്പിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 146-ാം വകുപ്പിലും അനുശാസിച്ചിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 126 ലെ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ബാധകമായിരിക്കും.

2. ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയോ സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള 1951 ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമായിരിക്കും.

3. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധമാധ്യമങ്ങളില്‍ നിയമാനുസൃതമായി പരസ്യങ്ങള്‍ നല്‍കേണ്ടതാണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

4.ബന്ധപ്പെട്ട ടിവി/റേഡിയോ/കേബിള്‍/എഫ്എം ചാനലുകള്‍/ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍/സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് ഏതെങ്കിലും പ്രക്ഷേപണ/ടെലികാസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ (എക്‌സിറ്റ് പോളുകള്‍ ഒഴികെ) നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന/ജില്ലാ/തദ്ദേശ അധികാരികളെ സമീപിക്കാം. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍, കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) നിയമപ്രകാരം മര്യാദ, സാമുദായിക ഐക്യം നിലനിര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആക്ട് 2000, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

5. ഒരു സ്ഥാനാര്‍ഥിയെയോ/പാര്‍ട്ടിയെയോ ഉയര്‍ത്തിക്കാട്ടുന്നതിനായി സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഒരു പ്രലോഭനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ വഴങ്ങരുത്. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെയോ/പാര്‍ട്ടിയുടെയോ പേരില്‍ വാഗ്ദാനം ചെയ്യുന്ന സല്‍ക്കാരമോ മറ്റ് സൗകര്യങ്ങളോ സ്വീകരിക്കാന്‍ പാടില്ല.

6. ഒരു പ്രത്യേക സ്ഥാനാര്‍ഥിയുടെയോ/പാര്‍ട്ടിയുടെയോ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ മറ്റ് സ്ഥാനാര്‍ഥിക്ക്/ പാര്‍ട്ടിക്ക് മറുപടി നല്‍കാനുള്ള അവകാശം അനുവദിക്കണം.

7. തിരഞ്ഞെടുപ്പ് കമ്മീഷന്‍/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍/ വരണാധികാരി/ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും/ ഉത്തരവുകളും/പാലിക്കേണ്ടതാണ്.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

1. പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Al Generated/ Digitally Enhanced/ Synthetic Content’ എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്.

2. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം.

3. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാ ഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

4. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങള്‍ നിര്‍മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുന്നതാണ്.

5. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുണ്ട്. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കേണ്ടതാണ്.
6. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

 

സാമൂഹ്യമാധ്യമം

1. സ്വതന്ത്രവും നീതിപൂര്‍വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളും സഹകരിക്കേണ്ടതുണ്ട്. മറ്റ് പൊതുതിരഞ്ഞെടുപ്പുകളില്‍ ബാധകമായിട്ടുള്ള ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.

2. എല്ലാ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000 ലെ ഇന്‍ഫര്‍മേഷന്‍ ആക്റ്റിലെ വ്യവസ്ഥകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.

3. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. മീഡിയ റിലേഷന്‍സ് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അവ എത്രയും വേഗം നീക്കാം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്.

4. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണപരിപാടികള്‍ സൈബര്‍ പോലീസ് വിഭാഗം നിരീക്ഷിച്ചുവരുന്നുണ്ട്. വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ പോലീസ് നിയമപരമായ നടപടി സ്വീകരിക്കേണ്ടതാണ്.

5. വ്യാജമായതോ, ദോഷകരമായതോ, അപകീര്‍ത്തികരമായതോ ആയ ഉള്ളടക്കങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെ പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിന് വിധേയമായിരിക്കും.

6. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളെല്ലാം കമ്മീഷന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

7. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ (കാര്‍ട്ടൂണുകളും ആക്ഷേപഹാസ്യപരിപാടികളും അല്ലാതുള്ളവ) തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

8. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യേണ്ടതാണ്. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ് ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എ.ഐ. ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കുകയും കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാല്‍ അവ ഹാജരാക്കുകയും വേണം.

 

ഇലക്ട്രോണിക് മാധ്യമങ്ങള്‍

1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1951 ലെ ജനപ്രാതിനിധ്യ നിയമം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും എന്നിവ അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പ്രചാരണ വിഷയങ്ങള്‍, വോട്ടിംഗ് പ്രക്രിയകള്‍, ആവശ്യമായ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ രീതിയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ വാര്‍ത്താ പ്രക്ഷേപകര്‍ ശ്രമിക്കണം.

2. 1951-ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഒരു തരത്തിലുള്ള ഉള്ളടക്കവും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്.

3. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും, അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കേണ്ടതാണ്.

4. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്കായി Indian Broadcasting Foundation എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടി.വി ചാനലുകള്‍ക്ക് വേണ്ടി രൂപികൃതമായിട്ടുള്ള Broadcasting Content Complaint Council നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

5. തിരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.

6. വാര്‍ത്താചാനലുകള്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗില്‍ വാര്‍ത്താ പ്രക്ഷേപകര്‍ സന്തുലിതയും നിഷ്പക്ഷതയും പാലിക്കണം. വാര്‍ത്താചാനലുകള്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയോടോ സ്ഥാനാര്‍ത്ഥിയോടോ രാഷ്ട്രീയബന്ധമുണ്ടെങ്കില്‍ അവ വെളിപ്പെടുത്തേണ്ടതാണ്.

7. കിംവദന്തികളും, അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും ഒഴിവാക്കാന്‍ വാര്‍ത്താ പ്രക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

8. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെയോ പാര്‍ട്ടിയെയോ അപകീര്‍ത്തിപ്പെടുത്തുന്നതോ, തെറ്റായതോ, മുറിവേല്‍പ്പിക്കുന്നതോ ആയ വാര്‍ത്തകള്‍ ഉടനടി തിരുത്തല്‍ നല്‍കുകയും ഉചിതമായിടത്ത് ബന്ധപ്പെട്ടവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കുകയും വേണം.

9. തിരഞ്ഞെടുപ്പുകളുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും കവറേജിനെ ബാധിച്ചേക്കാവുന്ന എല്ലാ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദങ്ങളെയും വാര്‍ത്താ പ്രക്ഷേപകര്‍ ഫലപ്രദമായി ചെറുക്കേണ്ടതാണ്.

10. വാര്‍ത്താ ചാനലുകളില്‍ നടത്തുന്ന എഡിറ്റോറിയല്‍ അഭിപ്രായവും വിദഗ്ദ്ധ അഭിപ്രായവും തമ്മില്‍ വ്യക്തമായ വ്യത്യാസം വാര്‍ത്താ പ്രക്ഷേപകര്‍ നിലനിര്‍ത്തണം.

11. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള വീഡിയോ ഫീഡ് ഉപയോഗിക്കുന്ന വാര്‍ത്താ പ്രക്ഷേപകര്‍ അത് വെളിപ്പെടുത്തുകയും ഉചിതമായി ടാഗ് ചെയ്യുകയും വേണം.

12. തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും സംബന്ധിച്ച വാര്‍ത്തകളിലും പരിപാടികളിലും സംഭവങ്ങള്‍, തീയതികള്‍, സ്ഥലങ്ങള്‍, ഉദ്ധരണികള്‍ എന്നിവയെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.

13. അബദ്ധത്താല്‍ തെറ്റായ വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടാല്‍, പ്രക്ഷേപകന്റെ ശ്രദ്ധയില്‍പ്പെട്ടാലുടന്‍, യഥാര്‍ത്ഥ പ്രക്ഷേപണത്തിന് നല്‍കിയ അതേ പ്രാധാന്യത്തോടെ പ്രക്ഷേപകന്‍ അത് തിരുത്തേണ്ടതാണ്.

14. സ്വാധീനിക്കുന്നതോ സ്വാധീനിക്കുന്നതായി തോന്നുന്നതോ, താല്‍പ്പര്യവൈരുദ്ധ്യം സൃഷ്ടിക്കുന്നതോ, പ്രക്ഷേപകന്റെയോ അവരുടെ ഉദ്യോഗസ്ഥരുടെയോ വിശ്വാസ്യതയെ തകര്‍ക്കുന്നതോ പണമോ വിലപ്പെട്ട സമ്മാനങ്ങളോ ആനുകൂല്യങ്ങളോ സ്വീകരിക്കരുത്.

15. വര്‍ഗീയമായ അല്ലെങ്കില്‍ ജാതിഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം നിരോധിച്ചിരിക്കുന്നതിനാല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ പൊതു അസ്വസ്ഥതയോ ക്രമക്കേടോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതെങ്കിലും തരത്തിലുള്ള ‘വിദ്വേഷ പ്രസംഗം’ അടങ്ങുന്ന ഉള്ളടക്കം വാര്‍ത്താ പ്രക്ഷേപകര്‍ സംപ്രേഷണം ചെയ്യരുത്. മതം, വംശം, ജാതി, സമൂഹം, പ്രദേശം അല്ലെങ്കില്‍ ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ പ്രക്ഷേപകര്‍ കര്‍ശനമായി ഒഴിവാക്കണം.

16. വാര്‍ത്താ പ്രക്ഷേപകര്‍ വാര്‍ത്തയും തുക ഈടാക്കിയുള്ള ഉള്ളടക്കവും തമ്മിലുള്ള വ്യത്യാസം സൂക്ഷ്മതയോടെ നിലനിര്‍ത്തേണ്ടതുണ്ട്. അത്തരത്തിലുള്ളവയെല്ലാം തുക ഈടാക്കിയുള്ള പരസ്യം അല്ലെങ്കില്‍ ഉള്ളടക്കം എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. പെയ്ഡ് ന്യൂസ് സംബന്ധിച്ച ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

17. അഭിപ്രായ വോട്ടെടുപ്പുകള്‍ കൃത്യമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം. അഭിപ്രായ വോട്ടെടുപ്പുകളുടെയും പ്രക്ഷേപണത്തിന്റെയും നടത്തിപ്പ് ആരാണ്, പണം മുടക്കിയത് ആരാണ് എന്നിവ വെളിപ്പെടുത്തണം.

18. അഭിപ്രായ വോട്ടെടുപ്പുകളുടെ പ്രക്ഷേപണത്തോടൊപ്പം ഉപയോഗിച്ച രീതിശാസ്ത്രം സാമ്പിള്‍ വലുപ്പം, ഫീല്‍ഡ് വര്‍ക്ക് തീയതികള്‍, ഉപയോഗിച്ച ഡാറ്റ എന്നിവ വെളിപ്പെടുത്തണം.

19. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ അവസാനിച്ചതും ഫലപ്രഖ്യാപനവും വരെ വാര്‍ത്താ പ്രക്ഷേപകര്‍ നടത്തുന്ന പ്രക്ഷേപണങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കേണ്ടതാണ്. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയിലെ (എന്‍ബിഎസ്എ ) അംഗങ്ങളായ പ്രക്ഷേപകര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ എന്‍ബിഎസ്എ അതിന്റെ ചട്ടങ്ങള്‍ക്ക് വിധേയമായി നടപടി സ്വീകരിക്കുന്നതാണ്.

20. വോട്ടിംഗ് പ്രക്രിയ, വോട്ടിംഗിന്റെ പ്രാധാന്യം, എങ്ങനെ, എപ്പോള്‍, എവിടെ വോട്ട് ചെയ്യണം, വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യണം, ബാലറ്റിന്റെ രഹസ്യം എന്നിവയെക്കുറിച്ച് വോട്ടര്‍മാരെ ഫലപ്രദമായി അറിയിക്കുന്നതിന്, സാധ്യമാകുന്നിടത്തോളം, പ്രക്ഷേപകര്‍ വോട്ടര്‍ വിദ്യാഭ്യാസ പരിപാടികള്‍ നടത്തണം.

21. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടേ ഫലം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കാവൂ. അല്ലാതെ നല്‍കുന്ന ഫലപ്രഖ്യാപനവാര്‍ത്തകള്‍ അനൗദ്യോഗികമോ അപൂര്‍ണ്ണമോ ഭാഗികമോ ആണെന്നും അന്തിമഫലമായി കണക്കാക്കരുതെന്നും അറിയിക്കണം.

 

അച്ചടി മാധ്യമം

1. അച്ചടിമാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കവറേജ് സംബന്ധിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം കര്‍ശനമായി പാലിക്കേണ്ടതാണ്.

2. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്.

3. തിരഞ്ഞെടുപ്പുകളെക്കുറിച്ചും സ്ഥാനാര്‍ഥികളെക്കുറിച്ചും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത് മാധ്യമങ്ങളുടെ കടമയായിരിക്കും. പത്രങ്ങള്‍ അനാരോഗ്യകരമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെയോ പാര്‍ട്ടിയെയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന സംഭവങ്ങളെ കുറിച്ചുള്ള അതിശയോക്തികരമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുത്.

4. സ്ഥാനാര്‍ത്ഥികളെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കേണ്ടതാണ്.

5. വര്‍ഗീയമോ ജാതിയോ ആയ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. അതിനാല്‍ മതം, വംശം, ജാതി, സമൂഹം അല്ലെങ്കില്‍ ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്ന പ്രവണതയുള്ള റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണം.

6. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചോ, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കല്‍ സംബന്ധിച്ചോ തെറ്റായതോ വിമര്‍ശനാത്മകമോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്.

7. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ അരുത്.

8. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ/പാര്‍ട്ടിക്കോ എതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കരുത്.

9. അധികാരത്തിലുള്ള ഒരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ നേട്ടങ്ങളെക്കുറിച്ചുള്ള പൊതുഖജനാവിന്റെ ചെലവില്‍ ഒരു പരസ്യവും സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ല.

 

ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടി

1. തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഉള്‍പ്പെടെ ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148-ാം വകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും പാലിക്കേണ്ടതാണ്.

2. ലഘുലേഖകളുടേയും പോസ്റ്ററുകളുടേയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കേണ്ടതാണ്.

3. കൂടാതെ അച്ചടിക്കുന്നതിനു മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിതഫോറത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.

4. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമവ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളമാകാവുന്ന തടവു ശിക്ഷയോ 2000/ രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. കൂടാതെ, തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം ബന്ധപ്പെട്ടവര്‍ വരണാധികാരിയെ നിശ്ചിതഫോറത്തില്‍ അറിയിക്കുകയും വേണം

 

 

 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രം പോസ്റ്റല്‍ബാലറ്റ്

സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമെന്ന് പോസ്റ്റല്‍ ബാലറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമം പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. അപേക്ഷ ലഭിക്കുന്നതനുസരിച്ച് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്ന പക്ഷം വരണാധികാരിക്ക് നല്‍കണം. സമ്മതിദായകനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാര്‍ഡിലെ വരണാധികാരിക്കാണ് അപേക്ഷ
നല്‍കേണ്ടത്. പോസ്റ്റല്‍ ബാലറ്റ് അപേക്ഷകന് അയച്ചു കൊടുക്കാനും വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ച് അയക്കുന്നതിനും തപാല്‍ സ്റ്റാമ്പ് ആവശ്യമില്ല. തപാല്‍വകുപ്പ് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

 

പോളിംഗ് സ്റ്റേഷനിലും പരിസരത്തും പൂര്‍ണമായി ഹരിതചട്ടം പാലിക്കണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനിലും പരിസരത്തും പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറും പാഴ് വസ്തുക്കളും വേര്‍തിരിച്ച് ശേഖരിക്കാനും ഹരിത ചട്ടമനുസരിച്ച് നശിപ്പിക്കാനും അതാത് തദേശസ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.
പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. വോട്ടര്‍മാര്‍ക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചും കസേരയും തണലിനുള്ള സൗകര്യവും തയ്യാറാക്കണം.
പോളിംഗ് സ്റ്റേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കണം. കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കില്‍ താല്‍ക്കാലികമായി ഒരുക്കണം. ഇവര്‍ക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടര്‍മാര്‍ക്ക് ഒരു സഹായിയെ അനുവദിക്കണം.
പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനും പ്രവര്‍ത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തില്‍ ലഭ്യമല്ലെങ്കില്‍ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി പ്രാദേശിക ഓഫീസുമായി ബന്ധപ്പെട്ട് അവ ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോര്‍ട്ടബിള്‍ സംവിധാനം ഏര്‍പ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യം ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ടോയ്ലറ്റ് സൗകര്യം ഇല്ലാത്തയിടത്ത്് ആവശ്യമായ ക്രമീകരണം ഒരുക്കണം. ഇതിന് സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്തണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കണം.
ഉള്‍പ്രദേശത്തെ പോളിംഗ് സ്റ്റേഷനിലെത്തുന്ന വഴി വൃത്തിയാക്കി പോളിംഗ് സ്റ്റേഷന്‍ പരിസരം ശുചിയായി സൂക്ഷിക്കാനുള്ള നടപടി വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് പൂര്‍ത്തിയാക്കണം. പോളിംഗ് ടീം എത്തുമ്പോള്‍ സ്റ്റേഷന്‍ വൃത്തിയായിരിക്കുകയും പ്രാഥമിക പ്രവര്‍ത്തനം തുടങ്ങാനുള്ള ക്രമീകരണം ഉറപ്പാക്കണം. അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വോട്ടെടുപ്പിന് ശേഷം ഉപയോഗിച്ച മുറിയും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനത്തിന് കൈമാറണമെന്നും ഇത് ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

 

ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് പരാതി നല്‍കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയിലേക്ക് പരാതി നല്‍കാം. പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണ് ജില്ലാ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചിരിക്കുന്നത്.
മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഈ സമിതിയായിരിക്കും. ഇമെയില്‍: [email protected] ഫോണ്‍: 0468 2222657

Related posts