തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കും

  konnivartha.com; പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇന്‍സ്റ്റലേഷന്‍, ബാനര്‍, ബോര്‍ഡ്, കൊടി, തോരണം എന്നിവയുടെ പരിശോധന ഊര്‍ജിതമാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മാതൃകാപെരുമാറ്റചട്ടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ തിരഞ്ഞെടുപ്പ്കമ്മീഷന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുക്കിയ നിര്‍ദേശപ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധികാരപരിധിയിലുള്ള പ്രദേശത്ത് അനധികൃത പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനര്‍, ബോര്‍ഡ്, കൊടി, തോരണം തുടങ്ങിയവ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം ഡി.ഇ.ഒമാര്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Read More