
സാംസ്കാരിക സമുച്ചയത്തിനായി കണ്ടെത്തിയ സ്ഥലം മന്ത്രി സജി ചെറിയാന് സന്ദര്‍ശിക്കും
ഗുരു നിത്യചൈതന്യയതിയുടെ സ്മാരകമായി കോന്നിയില്‍ സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കും : നിവേദനം നല്‍കിയത് കോന്നി വാര്‍ത്ത ഡോട്ട് കോം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ അനുവദിച്ച സാംസ്കാരിക സമുച്ചയത്തിനായി കണ്ടെത്തിയ സ്ഥലം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സന്ദര്‍ശിക്കും. ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മ സ്ഥലമായ വകയാര്‍ മ്ലാംതടത്തില്‍ സ്മാരകം നിര്‍മ്മിക്കണം എന്നുള്ള കോന്നി വാര്‍ത്തയുടെ നിവേദനം കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് മുഖ്യ മന്ത്രിയ്ക്കും സാംസ്കാരിക മന്ത്രിയ്ക്കും നല്‍കിയിരുന്നു . തുടര്‍ന്നു കോന്നി എം എല്‍ എ ജനീഷ് കുമാറിനും നിവേദന പകര്‍പ്പ് ഇമെയില്‍ ചെയ്തിരുന്നു . സാംസ്കാരിക വകുപ്പ് സെക്രട്ടറി ഓഫീസില്‍ നിന്നും കോന്നി വാര്‍ത്തയെ ബന്ധപ്പെടുകയും സ്ഥലം ലഭിച്ചാല്‍ സ്മാരകം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു .
ഇപ്പോള്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രമാടം പഞ്ചായത്തിലെ വി. കോട്ടയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപമാണ് സാംസ്കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
എട്ട് ഏക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമിയാണ് ഇവിടെ ഉള്ളത്. ഇതില്‍ 3.5 ഏക്കറാണ് സാംസ്കാരിക സമുച്ചയത്തിനായി ഏറ്റെടുക്കുന്നത്. ഗുരു നിത്യചൈതന്യയതിയുടെ സ്മാരകമായാണ് കോന്നിയില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കുന്നത്. 50 കോടി രൂപയാണ് സമുച്ചയ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ജൂണ്‍ 27 ന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രിയും, എംഎല്‍എയും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം കോന്നിയില്‍ ചേരും. തുടര്‍ന്ന് സാംസ്കാരിക സമുച്ചയം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലവും സന്ദര്‍ശിക്കും.
യോഗത്തില്‍ മന്ത്രിക്കും, എംഎല്‍എയ്ക്കുമൊപ്പം സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി അജിത് കെ ജോസഫ്, അണ്ടര്‍ സെക്രട്ടറി റിജം, ഡപ്യൂട്ടി സെക്രട്ടറി ആര്.അജിത് ബാബു, സാംസ്കാരിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.പി. രാധാമണി, എഡിഎം അലക്സ് പി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.