
വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് തൃശ്ശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൾസർ സുനിക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയിൽ ഉന്നയിക്കുന്നു.
സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടൽ പോലും ഇവർ നടത്തിയില്ല. മുൻ ജയിൽ ഡിജിപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി പറഞ്ഞു. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സർ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്നും ശ്രീലേഖ ആരോപിച്ചു. കേസില്‍ പൊലീസിന് സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആർ ശ്രീലേഖയുടെ നിലവിലെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വലിയ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു
‘ഇതിന് പിന്നിൽ ദിലീപിനെ രക്ഷപ്പെടുത്താനുള്ള കളിയാണോ അതോ പൊലീസിനകത്തെ പൊളിറ്റിക്‌സാണോ എന്നാണ് മനസിലാകാത്തത്. ഇവർ സർവീസിൽ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്. ആ സമയത്ത് ഇവർ ദിലീപിനെ കാണാൻ പോയി. എന്നാൽ ഇത്രയും ഉന്നത സ്ഥാനത്ത് നിന്ന ഇവർക്ക് അതിജീവിതയെ ഒന്നുപോയി കണ്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മനസ് തോന്നിയില്ലല്ലോ ? റിട്ടയർ ആയിട്ട് മൂന്നോ നാലോ വർഷമായി. ഈ നാല് വർഷത്തിനിടെ എന്തുകൊണ്ട് ഇവർ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം പറയുകയോ, മുഖ്യമന്ത്രിക്ക് ഒരു പരാതി നൽകുകയോ ചെയ്യാതിരുന്നതെന്തുകൊണ്ടാണ് ? ഇവരുടെ 75-ാം എപ്പിസോഡായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 75-ാം എപ്പിസോഡിന്റെ ആഘോഷമായി പറയേണ്ട കാര്യമാണോ ഇത് ? ഇത്ര ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി സ്വന്തം യൂട്യൂബ് ചാനൽ പ്രശസ്തമാക്കാൻ കളിച്ച കളിയാണ് ഇപ്പോൾ ചെയ്തത്’- ഭാഗ്യ ലക്ഷ്മി പറഞ്ഞു.
സർവീസ് കാലയളവിൽ എത്ര പ്രതികളെ ആർ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണുമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പറയേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും അപ്പപ്പോൾ ചെയ്യാതെ ഇപ്പോൾ യൂട്യൂബിലെ പുറത്ത് വിടുന്നതിന് പിന്നിൽ വൻ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.