Trending Now

പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

Spread the love

 

പത്തനംതിട്ട : പോലീസുകാരൻ എന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം, പോക്കറ്റിൽ നിന്നും 5000 രൂപയും, വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ഛൻപടി റോഡിലാണ് സംഭവം.

വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ പിന്നിലൂടെ ഓടിച്ചുവന്ന കറുത്ത സ്കൂട്ടറിൽ സഞ്ചരിച്ച ചെങ്ങന്നൂർ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തൻവീട്ടിൽ കുട്ടൻ ബാബുവിന്റെ
മകൻ അനീഷ് കുമാർ പി ബി (36)ആണ് കവർച്ച നടത്തിയത്.

സംഭവം നടന്നു രണ്ടാം ദിവസം തന്നെ പ്രതി പോലീസിന്റെ വലയിലായി. വിജയന്റെ മൊഴിവാങ്ങി കേസെടുത്ത പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന്
അന്വേഷണം വ്യാപിപ്പിക്കുകയും, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും ഇന്ന് ഇരുമല്ലിക്കരയിൽ നിന്നും പ്രതിയെ കുടുക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

തിരുവല്ല എസ് സി എസ് ജംഗ്ഷനിലുള്ള സ്ഥാപനത്തിൽ സ്വർണകമ്മൽ വിറ്റ് 2100 രൂപ വാങ്ങിയതായും, കവർന്നെടുത്ത 5000 രൂപ പേഴ്സിൽ ഉണ്ടെന്നും, സമാന രീതിയിൽ മുമ്പും കവർച്ച
നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു തുടർന്ന് പണം പേഴ്സിൽ നിന്നും പോലീസ് കണ്ടെടുത്തു.കമ്മൽ വിറ്റ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയപ്പോൾ, അത് ഉരുക്കിയതായി വെളിവായി, പിന്നീട് അത് ബന്തവസ്സിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പോലീസ് ഇൻസ്‌പെക്ടർ ഇ ഡി ബിജുവിനൊപ്പം എസ് ഐ കവിരാജൻ, എ എസ് ഐ പ്രകാശ്, പ്രസാദ്, എസ് സി പി ഓമാരായ പ്യാരിലാൽ, അഖിലേഷ്,
പ്രദീപ്‌, സി പി ഓ രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!